അവൻ വയറ്റിൽ കിടന്നു കുസൃതി കാണിക്കുന്നുണ്ട് ഞാൻ പതുക്കെ വയർ തടവി പുള്ളിക്ക് പെൺകുട്ടി വേണം

പുതിയ പുരയിലെ വീട്ടിൽ കൂടൽ കഴിഞ്ഞിട്ടും പുള്ളിക്കാരന്റെ അമ്മയും സഹോദരങ്ങളും തിരിച്ചു അവരുടെ വീട്ടിലേക്കു പോവാതെ ഇവിടെ തന്നെ തമ്പടിച്ചത് കണ്ടപ്പോൾ ഒന്ന് പേടിച്ചിരുന്നു .

അവസാനം പുള്ളി അറിയാതെ മുഖം കറുപ്പിക്കേണ്ടി വന്നു ഒഴിപ്പിച്ചെടുക്കാൻ .

എനിക്ക് നിറഞ്ഞ മാസം ആണെന്ന് നിരത്തി പുള്ളിക്കാരന്റെ ‘അമ്മ ഒരു അടവ് എടുത്ത് നോക്കിയിരുന്നു ഇവിടെ അള്ളിപ്പിടിക്കാൻ .

അങ്ങിനെ എന്തെങ്കിലും വന്നാൽ അറിയാക്കാം, വീടുകൾ തമ്മിൽ അധിക ദൂരം ഇല്ലല്ലോ എന്ന് ഞ്യായം നിരത്തി ഞാൻ ആദ്യമേ അതിന്റെ മുന ഓടിച്ചു .

ആ കൂട്ടത്തിൽ കിടന്നു പൊരിഞ്ഞിട്ടാണ് പുള്ളിയെയും കൊണ്ട് വേറെ പോന്നത് എന്നിട്ടും ഒന്ന് ഒറ്റക്ക് നില്ക്കാൻ കഴിയില്ല എന്ന് വന്നാൽ!!!! . പുള്ളിക്കാണെങ്കിൽ കൂടെപ്പിറപ്പുകൾകഴിഞ്ഞേ എന്തും ഉള്ളു പിന്നെ എന്താ ചെയ്യുക .

ഇനി തന്റെ പ്രസവം അടുത്താൽ ഒരു ഹോം നേഴിസിനെ വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ . അല്ലെങ്കിൽ അതിന്റെ പേരും പറഞ്ഞു എല്ലാം ഇങ്ങോട്ടു കെ ട്ടു കെട്ടും .

അവൻ വയറ്റിൽ കിടന്നു കുസൃതി കാണിക്കുന്നുണ്ട് . ഞാൻ പതുക്കെ വയർ തടവി . . പുള്ളിക്ക് പെൺകുട്ടി വേണം എന്നാണ് എനിക്കാണെങ്കിൽ രണ്ടാമത്തതും ആൺ കുട്ടി മതി. അതാ സേഫ്!!!! .

ആ ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് മകൻ അകത്തേക്ക് ഓടി വന്നു മടിയിൽ ചാടിക്കയറാൻ ശ്രമിച്ചത് .

” നന്ദു നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞു വാവക്ക് വയറ്റിൽ നിന്ന് വേദനിക്കുമെന്നു .. എന്താ നിനക്ക് പറഞ്ഞാൽ മനസിലാവാത്തത് ” ഞാൻ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു

” അപ്പൊ .. അവനെ പ്രസവിക്കുന്നത് വരെ എനിക്ക് അമ്മയുടെ മടിയിൽ ഇരിക്കാൻ ആവൂല്ല ..അല്ലേ ?”

” ഉം ” ഞാൻ അലക്ഷ്യമായി മൂളി

“അവൻ എന്നാ വരുക ” അതിലെ ആകാംക്ഷ തിരിച്ചറിഞ്ഞപ്പോൾ അവന്റെ കവിളത്ത് നുള്ളിക്കൊണ്ടു പറഞ്ഞു

” അമ്മയുടെ വയറു കണ്ടില്ലേ .. പെട്ടന്ന് വരും നന്ദുവിനു കൂട്ടിനായി ”

അവൻ ഒന്നും പറയാതെ എന്റെ മുഖത്തേക്ക് നോക്കി പിന്നെ മുറിയിലേക്ക് നടന്നു .

ആ പോക്കിൽ എന്തോ പന്തികേട് തോന്നിയതിനാൽ ഞാനും പിന്നിൽ കൂടി . പതുക്കെ റൂമിന്റെ വാതിലിൽ ചെന്ന് എത്തി നോക്കി .

അവന്റെ കളിക്കോപ്പുകൾ എല്ലാം ഷെൽഫിൽ അടുക്കി വെക്കുകയാണ് . എല്ലാം വെച്ച് കഴിഞ്ഞു തൃപ്തി ആവാത്തവനെപ്പോലെ എന്തോ വീണ്ടും തേടുന്നുണ്ട്

” മോൻ എന്താ തിരിയുന്നത് ”

” ഈ അലമാരയുടെ ചാവി എവിടെ ”

മോന് എന്തിനാ ഇപ്പോൾ താക്കോൽ ?”

” ഇത് പൂട്ടാൻ …. എന്റെ കളിക്കോപ്പു ഒക്കെ ഇതിൽ അല്ലേ ”

” ഹാ ഹാ ..അതെന്തിനാ നന്ദു പൂട്ടുന്നെ? ”

” അത് … അവൻ വന്നാൽ എടുത്തു കളിച്ചു നാശമാക്കും .. പിന്നെ ചിലപ്പോ എനിക്ക് കിട്ടിയില്ല എന്നും വരും ” അവൻ വീണ്ടും താക്കോൽ പരതിക്കൊണ്ടു പറഞ്ഞു .

” എടാ ..അത് നിന്റെ അനിയനല്ലേ … അപ്പോൾ നീ വേണ്ടേ അവനു കൊടുക്കാൻ ”

“എനിക്കെന്തിനാ അനിയൻ … എനിക്കു അനിയൻ വേണ്ട .. പിന്നെ എനിക്ക് ഒന്നും കിട്ടാതാവും ” അവൻ കരയാനുള്ള പുറപ്പാടിലാണ്

എന്റെ ഉള്ളൊന്നു കാളി . ഞാൻ പതുക്കെ അവനെ എന്നിലേക്കു ചേർത്ത് നിർത്താൻ ശ്രമി ച്ചതും . എന്റെ വയറ്റിൽ ഇളയവൻ കിടന്നു ഒന്ന് ഇളകി തുടിക്കാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു .

“അതിനൊരു പ്രതിഷേധത്തിന്റെ സ്വരമുണ്ടോ .? പങ്കു വെയ്ക്കാനും ചേർന്ന് നിൽക്കാനും ആ കുരുന്നു ഹൃദയവും മടിക്കുന്നുണ്ടോ ?” ഓർത്തപ്പോൾ “ഉള്ളൊന്നു പിടഞ്ഞു

ഞാൻ പതുക്കെ മുറിയുടെ പുറത്തേക്ക് നടന്നു . അമ്മയും സഹോദരങ്ങളും ഇറങ്ങിപ്പോയ വഴിയിലേക്ക് നോക്കി .

ആ വഴയിൽ ഒരു അവ്യക്തമായി രൂപം.. പിന്നെ പതുക്കെ ചിത്രം തെളിഞ്ഞു വന്നപ്പോൾ കണ്ടു!!!!!!!!!!! കണ്ണീരോടെ പടിയിറങ്ങുന്ന “എന്നെ” .

അന്ന് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് കാണാമായിരുന്നു പിന്നിൽ മക്കൾ കൊട്ടിയടച്ച വാതിലുകൾ .

മനോജ് കുമാർ കാപ്പാട് – കുവൈറ്റ്

Leave a Reply

Your email address will not be published. Required fields are marked *