ആദ്യരാത്രിയിൽ പാൽഗ്ലാസുമായി മുന്നിൽ വന്നു നിന്ന് ഞാൻ താലികെട്ടിയവൾ ഇത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി…

…………വധു ഗർഭിണിയാണ്……
*********************************
“ചേട്ടാ….ഞാൻ രണ്ട് മാസം ഗർഭിണിയാണ്”

ആദ്യരാത്രിയിൽ പാൽഗ്ലാസുമായി മുന്നിൽ വന്നു നിന്ന് ഞാൻ താലികെട്ടിയവൾ ഇത് പറഞ്ഞപ്പോൾ ഈ ഭൂമി മൊത്തത്തിൽ കറങ്ങുന്നതുപോലെയാണ് ആദ്യമെനിക്ക് തോന്നിയത്.മുറിയുടെ സൈഡിൽ തലയിടിച്ചപ്പോഴാണ് ഭൂമിയല്ല എന്റെ തലയാണ് കറങ്ങിയതെന്ന് മനസ്സിലായത്.

വഞ്ചകീ..ഞാൻ ആ ഒരുമ്പെട്ടവളുടെ മുഖത്തേക്കും വയറിലേക്കും മാറിമാറി നോക്കി..
ഇല്ല അവളുടെ വയറ് കണ്ടാൽ ഗർഭം ഉണ്ടെന്ന് തോന്നുകയേ ഇല്ല..വയറ് വീർത്തിട്ടേയില്ല..

“ടാ..മണ്ടാ രണ്ട് മാസം ഗർഭിണിയായവളുടെ വയറ് എങ്ങനെയാടാ വീർത്തിരിക്കുന്നത്.അതിന് ഒരു നാല് മാസമെങ്കിലും ആകണ്ടേ വയറ് വലുതാകാൻ ”
എന്റെ മനസ്സാക്ഷി എന്നോട് ചോദിച്ചു..

അത് ശരിയാണല്ലോ..അപ്പോൾ ഇവൾ ഗർഭിണി ആണെന്ന് പറഞ്ഞത് ശരിയാകും..ആരാണ് കൊച്ചിന്റെ തന്ത എന്ന് മാത്രമിനി അറിഞ്ഞാൽ മതി

“ആരാടീ നിന്റെ ഗർഭത്തിനുത്തരവാദി?”
എന്നുള്ള എന്റെ ചോദ്യം എന്തോ പുറത്തേക്ക് വരാതെ തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നു.
അവളുടെ കയ്യിൽ നിന്നും പാൽഗ്ലാസ് പിടിച്ചുവാങ്ങി ഒറ്റവലിക്ക് ആ പാല്മൊത്തം കുടിച്ച് തീർത്തിട്ടും വല്ലാത്ത പരവേശം

അവളെ പെണ്ണ് കാണാൻ പോയ അന്നുതൊട്ട്
താലികെട്ടുകഴിഞ്ഞ് അവളീ വീട്ടിലേക്ക് വലതുകാൽ വെച്ച് കേറിയതുവരെയുള്ള സീനുകൾ ഒറ്റഷോട്ടിൽ തന്നെ എന്റെ മനസ്സിലേക്കോടിയെത്തി.

ഞാനൊന്നും മിണ്ടാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ടിട്ടാവണം “ചേട്ടാ”
എന്നും വിളിച്ചവൾ എന്റെ തോളിൽ കൈവെച്ചത്…
“ഛീ…. കന്യകനായ എന്നെ പിഴച്ചവളായ നീ തൊട്ടുപോകരുത് “എന്ന് പറയണമെന്നുണ്ടായിരുന്നില്ലെങ്കിലും ഞാനത് മനസ്സിൽ തന്നെയടക്കി

അവൾക്കായി ആദ്യം വാങ്ങി നൽകിയ ഐഫോൺ മുതൽ ഹണിമൂണിനായി ബുക്ക് ചെയ്തിട്ട ടിക്കറ്റ് ചാർജ്ജിന്റെ വരെ കാശ് ഓർത്തപ്പോൾ ആ മൂധേവിയുടെ വയറ്റത്തിട്ടൊരു തൊഴികൊടുക്കാനാണ് തോന്നിയത് ,അതോടെ അവളുടെ അവിഹിത ഗർഭവും കലങ്ങിയേനെ …..

“ചേട്ടനെന്താ ഒന്നും പറയാതെ നിൽക്കുന്നത്?”
എന്നുള്ള അവളുടെ ആ ഓഞ്ഞ ചോദ്യത്തിന്

“ഞാനിനി എന്തു പറയാനാ? പറയാനുള്ളതൊക്കെ നാളെമുതൽ വീട്ടുകാരും നാട്ടുകാരും പറഞ്ഞോളും.കെട്ടിയപെണ്ണിനൊപ്പം ഒരു ഗർഭം കൂടി ഫ്രീ കിട്ടിയ പുതുമണവാളൻ …അതായിരിക്കും നാളെമുതൽ എന്നെകാണുമ്പോൾ മറ്റുള്ളവർക്ക് പറയാനുണ്ടാകുക..എന്നാലും… എടീ വഞ്ചകി നീ എന്നോട് എന്തിനീ ചതി ചെയ്തു.നിന്റെ ഗർഭത്തിനുത്തരവാദി ആരാണെന്നുവെച്ചാൽ
അവനോടൊപ്പം നിനക്ക് പോകാമായിരുന്നില്ലേ.

വെറുതേ എന്നെയെന്തിനു മറ്റുള്ളവരുടെ മുന്നിൽ കോമാളിയാക്കി.വല്ലവന്റേയും ഗർഭത്തിനുത്തരവാദിത്വം എന്നെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നു..ഇല്ല…. നിന്നെപ്പോലുള്ളവളുമാർക്ക് മാപ്പില്ല .വല്ലവന്റേയും കൊച്ചിന്റെ തന്തയാകാൻ എനിക്ക് പറ്റില്ല.ഇപ്പഴിറങ്ങണം നീ ഈ മുറിയിൽ നിന്നും ”

ഒറ്റ ശ്വാസത്തിൽ ഞാനിത്രയും പറഞ്ഞു തീർന്നതും അവള് ദേ പൊട്ടിച്ചിരിക്കുന്നു.

“ദൈവമേ ഇവൾക്ക് ഗർഭം മാത്രമല്ല ,ഭ്രാന്തുമുണ്ടായിരുന്നോ ?”
ഞാനിത് മനസ്സിൽ ഓർത്തതും അവളുടെ മറുപടി ഉടനെ വന്നു.

“എനിക്ക് ഗർഭവും വട്ടും ഒന്നുമില്ലാട്ടോ.ചേട്ടനിതറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ വേണ്ടിയുള്ള ഒരു നാടകം.ഈ ഡയലോഗെനിക്ക് പറഞ്ഞു തന്നത് ചേട്ടന്റെ പെങ്ങളും അളിയനുമാ. ഞാൻ അവർ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചൂന്ന് മാത്രം.എന്നെ ഇതിന്റെ പേരിൽ സംശയിക്കുകയും വെറുക്കുകയും ചെയ്യരുതേ ചേട്ടാ”

ചിരിയോടെ തുടങ്ങിയ അവളുടെ സംസാരം കണ്ണീരോടെ കൈകൂപ്പി ആയപ്പോൾ എനിക്ക് മനസ്സിലായി ഇവൾ ശരിക്കും ഒരുപൊട്ടിപെണ്ണ് തന്നെയെന്ന്.
ആ മിഴികളിൽ നിറഞ്ഞ നീർകണങ്ങൾ വിരൾ തുമ്പാൽ തട്ടിതെറിപ്പിച്ച് അവളെ നെഞ്ചോട് ചേർത്ത് നിർത്തി ഞാൻ പതുക്കെ അവളുടെ കാതിൽ പറഞ്ഞു.

“അതേ നിന്റെ ഇല്ലാത്ത രണ്ട്മാസത്തെ ഗർഭത്തിന്റെ പേരിൽ എന്റെ പെങ്ങളേയും അളിയനേയും ഞാൻ നാളെ പച്ചമാങ്ങ പറിക്കാനായി നമ്മുടെ മൂവാണ്ടൻ മാവേൽ ഏണിവെച്ച് കയറ്റി നീറിനെ കൊണ്ട് കടിപ്പിക്കുന്നത് കാട്ടിതരാട്ടോ”

By……RemyaRajesh

Leave a Reply

Your email address will not be published. Required fields are marked *