മുൻകാമുകിയുടെ പേരായ ഹസ്ന എന്നിട്ടത്.. അവൾ ഗൾഫിൽനിന്നും തിരിച്ച് വന്നിട്ടുണ്ടെന്ന് കാരണം…

#പഴയ_കാമുകിയും_പിന്നെ_ഭാര്യയും..

നിങ്ങൾ ഇത്ര പെട്ടെന്ന് ഒരുങ്ങിക്കഴിഞ്ഞോ..?
ഇന്ന് എന്താണിത്ര തിടുക്കം..? പഴയ കാമുകിയെ കാണാനുള്ള തിടുക്കമാകും അല്ലേ…?

സമീറാ….നീ വേണ്ടാത്തതൊന്നും പറയണ്ടട്ടോ..
ഞാനവളെ എന്നോ മറന്നതാണ്…

പിന്നേ…എന്നോ മറന്നിട്ടാണോ നമ്മുടെ
മോൾക്ക് മുൻകാമുകിയുടെ പേരായ
ഹസ്ന എന്നിട്ടത്..
അവൾ ഗൾഫിൽനിന്നും തിരിച്ച് വന്നിട്ടുണ്ടെന്ന് ഞാനറിഞ്ഞു .
അവളെ കാണാൻ വേണ്ടിയല്ലേ
നിങ്ങൾക്കിത്ര തിടുക്കം..
കുടുംബത്തിലെ ഒരു കല്യാണത്തിനും തലേദിവസം പോകാത്ത നിങ്ങൾ ഇന്നു മാത്രം ഇത്ര ധൃതി കൂട്ടുന്നത് കല്യാണപ്പെണ്ണ് നിങ്ങളുടെ മാമന്റെ മോൾ ആയതുകൊണ്ടോ അതോ പഴയ കാമുകിയുടെ അനിയത്തി ആയതുകൊണ്ടോ..?

സമീറാ.. എനിക്ക് നിന്നോട് തർക്കിച്ചു
നിൽക്കാൻ താൽപര്യമില്ല .
നീ വരുന്നുണ്ടെങ്കിൽ വാ…

ഞാൻ വരാതിരുന്നാൽ നിങ്ങൾക്ക് കൂടുതൽ സൗകര്യം ആകുമല്ലോ..
അങ്ങനെ വേണ്ട .. ഞാൻ വരുന്നുണ്ട്.. എനിക്കവളെ ഒന്നു കാണണം..

കല്യാണ വീട്ടില്‍ സമീറയുടെ കണ്ണുകൾ സംശയത്തോടെ റഷീദിനെ പിന്തുടർന്നുകൊണ്ടേയിരുന്നു.
ഹസ്നയെ ഒന്ന് തനിച്ചു കിട്ടാനും ചിലത് ചോദിക്കാനുമായി സമീറ തക്കം പാർത്തുനിന്നു..

സ്ത്രീകൾ ഭക്ഷണം കഴിക്കാൻ കൂട്ടത്തോടെ പന്തലിലേക്കു പോകുമ്പോൾ ഹസ്നയുടെ
കൂടെ സമീറയും കൂടി.
ഹസ്നയുടെ അടുത്തുള്ള കസേരയിൽ തന്നെ ചാടിക്കയറിയിരുന്ന് അവളെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു…

ഹസ്നയല്ലേ ..?
എന്നെ ഓർമയുണ്ടോ..?
ഞാൻ റഷീദിന്റെ ഭാര്യയാണ് സമീറ…

ഓർമ്മയുണ്ട് സമീറാ….
നിങ്ങളുടെ കല്യാണത്തിന് കണ്ടതാണ് . ശരിക്കൊന്ന് പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല.. നിങ്ങളുടെ കല്യാണം കഴിഞ്ഞ പിറ്റേദിവസം തന്നെയാണ് ഞാൻ ഭർത്താവിന്റെ കൂടെ ദുബായിലേക്ക് പോയത്..
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ്
തിരിച്ചു വരുന്നത്…
എന്തൊക്കെയുണ്ട് വിശേഷങ്ങൾ..
സുഖമല്ലേ..

സുഖം .അങ്ങനെ പോകുന്നു..
ഇത് എന്റെ മോളാണ്.
ഇവളുടെ പേരും ഹസ്നയാണ്..
നിങ്ങളുടെ അതേ പേര്..

സമീറ ഹസ്നയെ ഒന്ന് ഒളികണ്ണിട്ടു നോക്കി..

ഹസ്ന തലയും താഴ്ത്തി പിടിച്ച് നിന്ന് ഭക്ഷണത്തിലേക്ക് മാത്രം ശ്രദ്ധിച്ചു..

നിങ്ങളും റഷീദിക്കയും തമ്മിൽ സ്നേഹത്തിലായിരുന്നു അല്ലേ…?
അതുകൊണ്ടാണല്ലോ നിങ്ങളുടെ പേര് തന്നെ ഇവൾക്ക് ഇട്ടത്..
എപ്പോഴും നിങ്ങളെ കുറിച്ച് പറയും..
ഇക്ക എന്ത് വിഷയം പറഞ്ഞ് തുടങ്ങിയാലും
അത് നിങ്ങളിലേ അവസാനിക്കൂ..
ഞാനിപ്പോഴും ഒരു രണ്ടാം നംമ്പര്‍കാരിയാണ്..
നിങ്ങള്‍ കഴിഞ്ഞിട്ടേ ഇപ്പോഴും ആ മനസ്സില്‍ എനിക്ക് സ്ഥാനമൊള്ളൂ…
നിങ്ങള്‍ക്ക് കല്ല്യാണം കഴിച്ചൂടായിരുന്നോ…?
ഇതിന്റെ ഇടയിലേക്ക് എന്നെ വലിച്ചിടണമായിരുന്നോ…?

സമീറയുടെ കണ്ഠമിടറി…

എന്താണ് സമീറാ നീ പറയുന്നത്..?
ഞാനും റഷീദിക്കയും തമ്മില്‍ പ്രേമമായിരുന്നെന്നോ…?
ഒന്ന് പോ പെണ്ണേ തമാശ പറയാതെ..
അവര്‍ എന്റെ വീട്ടില്‍ കല്ല്യാണം ആലോചിച്ചിരുന്നു എന്നത് സത്യമാണ് ..
കുടുബത്തിലേക്ക് കല്ല്യാണം വേണ്ട എന്ന് പറഞ്ഞ് ഞാന്‍ തന്നെയാണ് അത് മുടക്കിയത്..
അല്ലാതെ നീ കരുതുന്ന പോലെ ഞങ്ങള്‍ തമ്മില്‍ പ്രേമവും സ്നേഹവും ഒന്നും ഉണ്ടായിരുന്നില്ല…

സമീറ ഒന്ന് ദീർഘനിശ്വാസം എടുത്തു..
ഭക്ഷണം കഴിച്ചെന്ന് വരുത്തി വേഗം എഴുന്നേറ്റു.

കല്ല്യാണപന്തലില്‍ ഒാരോ കാര്യങ്ങളും
നോക്കി നടത്തി അങ്ങോട്ടുമിങ്ങോട്ടും
ഒാടി നടക്കുന്ന റഷീദിനെ അവള്‍ കൈകാട്ടി മാടിവിളിച്ചു. രണ്ടുപേരും അല്പം മാറിനിന്നു..

നാണമില്ലേ ഇക്കാ നിങ്ങൾക്ക്..
പ്രേമമായിരുന്നു പോലും..
ഹസ്ന നിങ്ങളുടെപ്രേമം അറിഞ്ഞിട്ടുപോലുമില്ല..
നിങ്ങളുടെ ഒരു ദിവ്യപ്രേമം..
ഇനി എങ്ങാനും അവളുടെ ചിന്തയോ അവളെ പറ്റിയുള്ള സംസാരമോ നിങ്ങളുടെ അടുത്ത് നിന്നുണ്ടായാൽ കൊല്ലും ഞാൻ..

റഷീദ് തലയും താഴ്ത്തി നിന്നു..

നിങ്ങൾക്കെന്നോട് ദോഷമുണ്ടോ ഇക്കാ..
ഭർത്താവിന് കല്യാണത്തിനു മുമ്പ് ഒരു പ്രേമം ഉണ്ടായിരുന്നു എന്നത് ഒരു തെറ്റല്ല..
പക്ഷേ കല്യാണം കഴിഞ്ഞും അവളെ
ഒാര്‍ത്തു കൊണ്ടിരിക്കുകയും
സംസാരത്തിൽ ഇടക്കിടക്ക് കാമുകിയുടെ പേര് കയറിവരുകയും ചെയ്താൽ ഒരു ഭാര്യക്ക്
അത് എത്രത്തോളം സങ്കടം ഉണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ ഇക്കാ…
നിങ്ങൾ അവളെ കുറിച്ച് സംസാരിക്കുന്ന ഓരോ നിമിഷവും എന്റെ മനസ്സിന്റെ ഉള്ളിലെ നീറ്റൽ എത്രയായിരുന്നു എന്ന് നിങ്ങൾക്കറിയാമോ.. ?
അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല..
എനിക്ക് കിട്ടേണ്ട സ്നേഹം ഇപ്പോഴും മറ്റെരാള്‍ പങ്കു വെക്കുന്നല്ലോ എന്നാലോചിച്ച് ഞാനെത്ര കരഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ..?

സമീറയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

സമീറാ…ഞാൻ…
നീ കരയല്ലേ….. ആളുകള്‍ കാണും….

സാരമില്ല ഇക്കാ…
ഇപ്പോൾ എനിക്ക് സന്തോഷമായി..
അവളുടെ മനസ്സിൽ നിങ്ങളില്ല എന്ന് അറിഞ്ഞല്ലോ….. അതുമതി.

സമീറ തിരിഞ്ഞുനടക്കുമ്പോൾ
ഇനിയൊരിക്കലും ഹസ്നയെ ഓർക്കുകപോലും ഇല്ലെന്നും അവളെക്കുറിച്ച് ഇനി ഒരിക്കലും സംസാരിക്കുക ഇല്ലെന്നും മനസ്സിൽ ശപഥം ചെയ്യുക ആയിരുന്നു റഷീദ്..

ഈ സമയം ഒന്ന് ആർത്തലച്ചു കരയാൻ
ഒരു ഇടം തേടുകയായിരുന്നു ഹസ്ന..
തന്റെ പിതാവിന്റെ പിടിവാശിമൂലം തനിക്ക് നഷ്ടപ്പെട്ടുപോയ, താൻ ജീവനെക്കാളും സ്നേഹിച്ചിരുന്ന, തന്റെ എല്ലാമെല്ലാം ആക്കാൻ കൊതിച്ചിരുന്ന റഷീദിക്കയെ കുറിച്ചുള്ള ഓർമ്മകളെ കണ്ണീർ പുഴകളിലൂടെ ഒഴുക്കിക്കളഞ്ഞ് മനസ്സൊന്ന് ശുദ്ധമാക്കാൻ പറ്റിയ ആരുമില്ലാത്ത ഒരിടം…

Shihab Kzm

Leave a Reply

Your email address will not be published. Required fields are marked *